Thursday, August 16, 2007

പാക്കിസ്ഥാന്‍ വിഭവം-നയതന്ത്രം സ്പെഷ്യല്‍

നയതന്ത്രവും ഭക്ഷണവും തമ്മിലുള്ള ബന്ധം എന്താണ്‌.....

എന്ത്‌ ചോദ്യമാണിത്‌ എന്ന് തോന്നുന്നുണ്ടോ.....

എങ്കില്‍ കേട്ടോ...തീര്‍ച്ചയായും രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌.

മഹാഭാരതകഥയില്‍.....
പാണ്ഡവരുടെ ദൂതനായി പോയ ഭഗവാന്‍ കൃഷ്ണനോട്‌ ബ്രദര്‍ ദുര്യോ...
പാണ്ഡവരഞ്ചുപേര്‍ക്കും പിന്നെ അഞ്ചിന്റേം കൂടിയുള്ള...
'നമ്മളഞ്ച്‌ നമുക്കൊന്ന്' മോഡല്‍ സഹധര്‍മ്മിണിക്കും കേറിക്കിടക്കാന്‍ പട്ടയമുള്ള ഭൂമി...
ആ പഞ്ചായത്ത്‌ ഏരിയയില്‍ കൊടുക്കില്ലായെന്നും...
കയ്യേറിയാല്‍ അടിച്ച്‌ കാലൊടിക്കുമെന്നും പറഞ്ഞപ്പോള്‍ പോലും ചുമ്മാ കേട്ടോണ്ട്‌ നില്‍ക്കുകയും....
അങ്ങേര്‍ക്കിഷ്ടപ്പെട്ട പക്കാവടയും ബ്രൂക്കാപ്പിയും കിട്ടാതിരുന്നപ്പോള്‍ കലിപ്പുണ്ടാക്കുകയും ചെയ്തു.

ബ്രൂക്കാപ്പി കൊടുത്തില്ലേലും...
പക്കാവട ഏതെങ്കിലും പെട്ടിക്കടേന്ന് ഒപ്പിച്ച്‌ കൊടുത്തിരുന്നേല്‍...
അതും കൊറിച്ചോണ്ട്‌ കൃഷണന്‍ തിരിച്ച്‌ പോയി....
താന്‍ പോയ കാര്യം ഏറ്റില്ലായെന്നും....
പക്ഷേ അത്‌ കൊണ്ട്‌ ഇപ്പോള്‍ തന്നെ ചേട്ടാനിയന്മാര്‍ അനോന്യം പള്ളക്കിട്ട്‌ കുത്തി ചാകണ്ടായെന്നും....
നമുക്ക്‌ കുറച്ച്‌ ക്ഷമിക്കാമെന്നും പാണ്ഡവന്മാര്‍ക്ക്‌ പറഞ്ഞ്‌ കൊടുത്തേനേ.
പക്കാവട തിന്നാനുള്ള ആര്‍ത്തിയില്‍ കൃഷ്ണന്‍ പിന്നേം ഹസ്തിനപുരിയില്‍ ചര്‍ച്ചക്കും ചെന്നേനേ.
ബ്രദര്‍ ദുര്യോ രണ്ടെണ്ണം വീശിക്കൊണ്ടിരിക്കണ സമയത്താണ്‌ കൃഷ്ണന്‍ ചെല്ലുന്നതെങ്കില്‍ തീര്‍ച്ചയായും
ഒരു ഒന്നരസെന്റിന്റെ ആധാരമെങ്കിലും കിട്ടി ബോധിച്ചേനേ.

അതാണ്‌ പറയുന്നത്‌ സാധാ പക്കാവട ആണെങ്കില്‍ പോലും നയതന്ത്രത്തില്‍ ഭക്ഷണത്തിന്‌ പ്രാധാന്യമുണ്ടെന്ന്.
ആധുനിക യുഗത്തിലും ഭക്ഷണത്തിന്‌ നയതന്ത്രത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയും.
വര്‍ഷം മുഴുവന്‍ ഇരുന്ന് തിന്നാനുള്ള പാല്‍ക്കട്ടി പറ്റീട്ടാണ്‌...
സാക്ഷാല്‍ ഗോര്‍ബച്ചേവ്‌ സോവിയറ്റ്‌ നാടിനെ വീണ്ടും പഴയപോലെ തുരുത്തുകളാക്കാന്‍ സമ്മതിച്ചതെന്നൊരു കഥ കേട്ടിട്ടുണ്ട്‌.അപ്പോള്‍ അവിടേം തീറ്റ തന്നെ മിടുക്കന്‍.
നമ്മുടെ ഭാരതത്തിന്റെ ഏറ്റവും അടുത്ത ചങ്ങാതി രാഷ്ട്രം ഏതെന്ന് ചോദിച്ചാല്‍.....
നമുക്ക്‌ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ....പാക്കിസ്ഥാന്‍.
അപ്പോള്‍ ഒരു പാക്കിസ്ഥാന്‍ വിഭവം തന്നെയാകട്ടെ അലൂമിനിയം കലത്തില്‍ ഇപ്രാവശ്യം.

ഭാരതവും പാക്കിസ്ഥാനും തമ്മില്‍ വേനല്‍ക്കാലത്ത്‌ അതിര്‍ത്തിയില്‍ നടത്താറുള്ള സ്ഥിരം കലാപരിപാടിയായ
ഉണ്ടപിടുത്തത്തിന്‌ ശേഷം...
അതിന്റെ തുടര്‍കലാപരിപാടിയായ വട്ടമേശ ചര്‍ച്ചയില്‍ സ്ഥിരമായി പാക്കിസ്ഥാന്‍ വിളമ്പാറുള്ള ഒരു വിശിഷ്ട വിഭവം....
ഞാന്‍ ഇപ്രാവശ്യം നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം.

വേണ്ട സാധനങ്ങള്‍;
കറാച്ചി മട്ട അരി- 2 കിലോ.
ചീനച്ചട്ടി - ഒരെണ്ണം
[ചട്ടി ചീനയില്‍ നിന്നുള്ളത്‌ തന്നെ വേണം]
അടുപ്പ്‌-ആവശ്യത്തിന്‌
കമ്പിപ്പാര-ഒരെണ്ണം


പാകം ചെയ്യേണ്ട വിധം;

ചീനച്ചട്ടി കത്തുന്ന അടുപ്പില്‍ വച്ച്‌ നന്നായിട്ട്‌ ചൂടാക്കുക.
ചട്ടി ചൂടായോ എന്നറിയാന്‍ നാക്ക്‌ ഉപയോഗിച്ച്‌ തൊട്ട്‌ നോക്കുക.
ഹമ്മേ....എന്ന ഒരു ശബ്ദം നമ്മള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ ചട്ടി ചൂടായി എന്ന് ഉറപ്പിക്കാം.
അതിന്‌ ശേഷം അരി....
അതിലുള്ള കല്ലുകള്‍ കളയാതെ...
വളരെ സൂക്ഷിച്ച്‌ കഴുകി ചട്ടിയില്‍ ഇടുക.
കമ്പിപ്പാര ഉപയോഗിച്ച്‌ മെല്ലെ ഇളക്കിക്കൊടുക്കുക.
ഇളക്കാന്‍ കൈവിരലുകള്‍ ഉപയോഗിക്കരുത്‌.
ചട്ടിയില്‍ നിന്നും പൊട്ടാസ്‌ പൊട്ടുന്ന രീതിയിലുള്ള ഒച്ചകേട്ട്‌ തുടങ്ങിയാല്‍ വിഭവം പാകമായി എന്ന് ഉറപ്പിക്കാം.
തുടര്‍ന്ന് പെട്രോളോ ഡീസലോ കോരിയൊഴിച്ച്‌ അടുപ്പ്‌ കെടുത്തണം.

ഇതാ..സ്വാദിഷ്ടമായ 'അരിവറുത്തത്‌' തയ്യാറായിക്കഴിഞ്ഞു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

പശുവിന്‍ പാല്‍..തേങ്ങാപ്പാല്‍...പുലിപ്പാല്‍ എന്നിവയോടൊപ്പം ഈ വിഭവം ഉപയോഗിക്കാം.
പുലിപ്പാല്‍...വീട്ടില്‍ വളര്‍ത്തുന്ന പുലിയുടേത്‌ തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചീനച്ചട്ടി കിട്ടിയില്ലേല്‍ പാചകം ഉപേക്ഷിച്ചേക്കണം.
അപ്പച്ചട്ടിയില്‍ ഒരിക്കലും ഈ പാചകം പരീക്ഷിക്കരുത്‌.
അപ്പച്ചട്ടിയില്‍ അരിവറുത്താല്‍...അത്‌ ആരോഗ്യത്തിന്‌ നല്ലതല്ലായെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്‌.

രാജ്യങ്ങള്‍ തമ്മിലുള്ള വട്ടമേശകളിലും ചര്‍ച്ചകളിലും ഈ വിഭവം ഒരു ഫേവറിറ്റ്‌ സംഗതിയാണെങ്കിലും....
സ്ഥിരമായി ഇത്‌ തന്നെ വിളമ്പിയാല്‍ അത്‌ ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്‌.

അങ്ങനെ പ്രതികൂലമായി മാറിയ ഒരു ചര്‍ച്ചക്കൊടുവിലാണ്‌...
വാജ്‌പേയി മുഷറഫിനോട്‌ പറഞ്ഞത്‌....

'അരി വറുക്കരുത്‌.....'

17 comments:

sandoz said...

പാചകം എന്റെ ഒരു വീക്നെസ്‌ ആണു...
ദേ പിടിച്ചോ ഒരു പാക്കിസ്ഥാന്‍ വിഭവം..

Dinkan-ഡിങ്കന്‍ said...

hahah സാന്‍ഡോസെ നീയും അപ്പച്ചട്ടിയില്‍ അരിവറവ് തുടങ്ങിയ്യോ?
):( ഹഹഹ്

പാചകവും വാചകവും കൊള്ളാം

Mr. K# said...

ഇതിലെവിടെയാ അലുമിനിയം കലം? ഇതു ചീനച്ചട്ടിയല്ലേ? :-)

സുന്ദരന്‍ said...

നയതന്ത്രബന്ധത്തിനു പറ്റിയ അരിവറുക്കല്‍....

മയൂര said...

ഇതില്‍ ഉള്ള സാധനങ്ങള്‍ ഒത്ത് കിട്ടിയിരുന്നെങ്കില്‍...അരി........;)

പുള്ളി said...

ചൂതു കളിക്കുമ്പോള്‍ യുധിഷ്ഠിരന്‍ വീശി, അങ്ങിനെ കളിതോറ്റു. ദുര്യോധനനന്‍ കളിജയിച്ച് ശകുനി മാമേടെ ഒപ്പം ഷാമ്പേന്‍ കുപ്പി പൊട്ടിച്ച് വീശി. ആ ദുര്യോധനന്‍ തന്ത്രപ്രധാനമായ ഒരു നെഗോഷ്യേഷനു മുന്‍പ് വീശുമോ സാന്റോസേ?
അവസാന സീനിന്റെ ഇം‌പ്രോവൈസേഷന്‍ രാക്ഷസപ്രഭു സ്റ്റൈലില്‍: വാജ്പേയീ ചൂണ്ട്‌വിരലും നടുവിരലും പിണച്ച് മുഷറഫിന്റെ കഴുത്തിന് നേരെ നിട്ടി ഇളക്കുന്ന ആക്ഷന്‍ കാണിച്ച് തല ചെരിച്ച് പറയുന്നു "അരി വറുക്കല്ലേ..."

ശ്രീ said...

ഇതു കൊള്ളാമല്ലോ...

പുള്ളിയുടെ കമന്റും കലക്കി..

:)

-B- said...

ഇത് ഇന്നു തന്നെ ചെയ്തു നോക്കണം. ;)

ചട്ടി ചൂടായോ എന്നറിയാന്‍ നാക്ക്‌ ഉപയോഗിച്ച്‌ തൊട്ട്‌ നോക്കുക.
ഇതിന് പാചകം ചെയ്യുന്ന ആളുടെ നാവ് തന്നെ വേണമെന്നുണ്ടോ? മറ്റാരെക്കൊണ്ടെങ്കിലും തൊട്ടുനോക്കിക്കാമോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ചട്ടിയില്‍ നിന്നും പൊട്ടാസ്‌ പൊട്ടുന്ന രീതിയിലുള്ള ഒച്ചകേട്ട്‌“ അതാ കറാച്ചി അരിതന്നെ വേണമെന്ന് പറഞ്ഞത് അല്ലെ?

Areekkodan | അരീക്കോടന്‍ said...

സാന്‍ഡോസെ
പാചകവും വാചകവും കൊള്ളാം

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോയേ എവിടാരുന്നൂ...? പാക്കിസ്ഥാന്‍ ഐറ്റം കലക്കി കേട്ടാ..
അപ്പോ ചീന ചട്ടിയില്‍ അരി വറുക്കാലേ..?

SUNISH THOMAS said...

സാന്‍ഡോസേ കലക്കി. ഇത്രയും കാലം സ്ഥലത്തില്ലാതിരുന്നതിന്‍റെ കുറവു തീര്‍ത്തിട്ടുണ്ട്. അരി വറക്കുക തന്നെ. നയതന്ത്രജ്ഞത കൊള്ളാം.
;)

Unknown said...

ഇതെന്താ പ്രകൃതിചികിത്സക്കാരുടെ ഭക്ഷണമോ?? ഇതില്‌ ഉപ്പ്‌,മുളക്‌, പഞ്ചാര തുടങ്ങിയ രസങ്ങളൊന്നുമില്ലേ?? പോട്ടെ എന്തില്ലേലെന്ത്‌ പോസ്റ്റ്‌ കലക്കീട്ടുണ്ടേ.

sandoz said...

പാചകം എന്നു പറഞ്ഞാല്‍ എനിക്കൊരു അഭിനിവേശം തന്നെയാണെന്ന് മനസ്സിലായില്ലേ....
വിഭവം കണ്ട്‌ മനസ്സിലാക്കി പരീക്ഷിക്കാനൊരുങ്ങുന്ന എല്ലാര്‍ക്കും നന്ദി...നമസ്കാരം...

K.V Manikantan said...

പുലിപ്പാല്‍...വീട്ടില്‍ വളര്‍ത്തുന്ന പുലിയുടേത്‌ തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഹീ ഹീ ഹീ

ഗുപ്തന്‍ said...

തുടര്‍ന്ന് പെട്രോളോ ഡീസലോ കോരിയൊഴിച്ച്‌ അടുപ്പ്‌ കെടുത്തണം.

ഹഹഹ സാന്‍ഡൂക്കാന്‍ തകര്‍ത്തു...

ഏ.ആര്‍. നജീം said...

ഹഹാ, തുടക്കം കണ്ടപ്പോള്‍ കണ്ണുമിഴിച്ചു പോയി എന്താ ഈ സാന്‍ഡൊസ് പറഞ്ഞു വരുന്നേന്ന്. പിന്നല്ലേ മനസിലായത്. അരിച്ചട്ടിയില്‍ എണ്ണവറുക്കാനുള്ള വരവാണെന്നു..
പിന്നെ, ചൂടറുന്നതിനു മുന്‍പ് ആ ബുഷ് ചേട്ടന്‍ അല്പം കൊടുത്തു വിടണം. പുള്ളികാരന്റെ കൊതിയുള്ളതു കൊണ്ടാണ് ഒന്നും നടക്കാത്തത്.